AP Abu Bakr Musliyar Kanthapuram sharing his views on scope of Kerala Muslims’ unity
(തയ്യാറാക്കിയത്‌: മഹ്മൂദ്‌ പനങ്ങാങ്ങര)

മുസ്ലിം സമുദായം എക്കാലത്തും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്‌, ഇക്കാലത്ത്‌ പ്രത്യേകിച്ചും. അവയെയെല്ലാം അതിജീവിക്കണമെങ്കില്‍ സമൂഹത്തിനിടയില്‍ ഐക്യം അത്യാവശ്യമാണ്‌. ഇന്ന്‌ എന്നല്ല, എന്നും എക്കാലത്തും മുസ്ലിം സമൂഹം ഐക്യത്തിന്‌ വേണ്ടി കൊതിക്കുന്നുണ്ട്‌. അതിനാല്‍, വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അനുരജ്ഞനം നടപ്പില്‍ വരേണ്ടതുണ്ട്‌. പക്ഷേ, സത്യത്തിലുള്ള ഐക്യമായിരിക്കണമത്‌. അതുമാത്രമാണ്‌ നമ്മുടെ ലക്ഷ്യം. അല്ലഹുവിന്റെ പാശത്തെ നിങ്ങള്‍ ഒറ്റക്കെട്ടായി മുറുകെ പിടിക്കുക എന്നാണ്‌ അല്ലാഹു ഖുരാനില്‍ പറഞ്ഞത്‌. ഇവിടെ ദീനിനെ ഒരു കയറിനോട്‌ ഉപമിച്ചിരിക്കുന്നു. നന്മയുടെ, സത്യത്തിന്റെ ദീനാണത്‌. ദീനും ദീനല്ലാത്തതും കൂട്ടിക്കലര്‍ത്തിയുള്ള ഐക്യം ഖുരാന്‍ ആഹ്വാനം ചെയ്യുന്നില്ല. യഥാര്‍ഥ ഐക്യം വിശ്വാസം നിലനിര്‍ത്താനും വിശ്വാസികള്‍ക്ക്‌ ശക്തിയേകാനുമായിരിക്കണം. അതുകൊണ്ട്‌ സത്യത്തിലുള്ള ഏകീകരണം ഇന്നെന്നല്ല, എക്കാലത്തും അത്യാവശ്യമാണ്‌.
കേരളത്തില്‍ ‘ഐക്യസംഘം’ എന്ന പേരില്‍ ഒരു സംഘടന ഉടലെടുത്തതാണ്‌ എല്ലാ അനൈക്യങ്ങള്‍ക്കും കാരണം. അന്നുമുതല്‍ ഇന്നുവരെ അവര്‍ ഐക്യവേദിയെന്നും ഏകോപനസമിതിയെന്നും വിവിധ പേരുകള്‍ സ്വീകരിച്ച്‌ അനൈക്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കെതിരെ സുന്നികള്‍ അടിയുറച്ച്‌ നിന്നതുകൊണ്ടാണ്‌ ബിദൈകള്‍ക്ക്‌ അനൈക്യം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ പോയത്‌. ഇവിടെ ഐക്യത്തിന്റെ ആവശ്യകതയില്‍ സംശയമില്ല. അനൈക്യത്തിന്റെ വക്താക്കള്‍ സത്യത്തിന്റെ പാതയിലേക്ക്‌ കടന്നുവരലാണ്‌ അതിനുള്ള ഏക പോംവഴി.
സുന്നികള്‍ ഒന്നാവുന്നതിന്റെ ആവശ്യകതയില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ബിദൈകളെ ഒന്നിച്ചു നിര്‍ത്താന്‍ വളരെ പ്രയാസമാണ്‌. നിരവധി കാരണങ്ങളുണ്ടതിനു പിന്നില്‍.
ഇ.കെ. വിഭാഗത്തില്‍ പലരും ഐക്യം വേണമെന്ന്‌ പറയുന്നുണ്ട്‌. അവര്‍ പറയുന്നത്‌ ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ നാളെ മുതല്‍ ഒരു പൊതുപ്ലാറ്റ്ഫോമില്‍ അണിനിരക്കാന്‍ അവര്‍ തയ്യാറുണ്ടോ? പള്ളി, മദ്രസ പോലോത്തവയുടെ ഉദ്ഘാടനവേദികളില്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണോ? ആണെങ്കില്‍ അവര്‍ പറയുന്നത്‌ ആത്മാര്‍ഥവും സത്യസന്ധവുമാണെന്ന്‌ വെക്കാം. കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ ഐക്യത്തിന്‌ തയ്യാറായപ്പോള്‍ അത്‌ ഞങ്ങളുടെ ബലഹീനതയാണെന്ന്‌ പറഞ്ഞ്‌ മറുപക്ഷത്തെ പലരും പരിഹസിക്കുകകയായിരുന്നു. അതുകൊണ്ടാണിപ്പോള്‍ ഞങ്ങള്‍ ഈ വിഷയത്തിലേക്ക്‌ മുന്നിട്ടിറങ്ങാത്തത്‌.
ഒരുപക്ഷേ, രണ്ടുവിഭാഗത്തിന്റെയും നേതാക്കള്‍ ഐക്യം ആവശ്യമാണെന്ന്‌ പുറമെ പറയുന്നുണ്ടെങ്കിലും ഐക്യം യാഥാര്‍ത്ഥ്യമാകാത്തത്‌ ഇരുകൂട്ടരുടെയും കടുംപിടുത്തങ്ങള്‍ കൊണ്ടല്ലേ എന്ന്‌ ചോദിച്ചേക്കാം. ഞങ്ങള്‍ക്ക്‌ ഒരു കടുമ്പിടുത്തവുമില്ല. ഞങ്ങള്‍ക്ക്‌ അനുയായികളുടെയും സ്ഥാപനങ്ങളുടെയും പണത്തിന്റെയും യാതൊരു കുറവുമില്ല. എന്നിട്ടും ഞങ്ങള്‍ തയ്യാറാവുന്നത്‌ ഇവിടെ രണ്ടിലും പെടാത്ത കുറെ ആളുകളുണ്ട്‌. അവരുടെ നന്മയാണ്‌ ലക്ഷ്യം. അതുപോലെ ബിദൈകള്‍ക്കെതിരെ അഹ്ലുസ്സുന്നത്തി വല്‍ ജമാത്തിന്റെ ആശയാദര്‍ശങ്ങള്‍ ശക്തിയാര്‍ജിക്കുകയും വേണം. അതിനെല്ലാം ഐക്യം അത്യാവശ്യമാണ്‌.
ഈയിടെ മരണപ്പെട്ട കെ.എസ്‌. അബ്ദുല്ല സാഹിബാണ്‌ ഐക്യത്തിന്‌ വേണ്ടി ഏറ്റവുമൊടുവില്‍ ശ്രമിച്ച ഒരു വ്യക്തി. അദ്ദേഹം മറുപക്ഷത്തിന്റെ പതിനൊന്ന്‌ നിബന്ധനകളുമായി ഞങ്ങളുടെ അടുത്ത്‌ വന്നു. എസ്‌.എസ്‌.എഫ്‌. പിരിച്ചു വിടണം, എസ്‌.വൈ.എസ്‌ പിരിച്ചു വിടണം, മര്‍കസ്‌ തിരിച്ചേല്‍പിക്കണം എന്നിങ്ങനെ പതിനൊന്ന്‌ ഡിമാന്റുകളും പന്ത്രണ്ടാമതായി ഇവയെല്ലാം ഒന്നായി ഐക്യപ്പെടുന്ന തീരുമാനം പ്രഖ്യാപിക്കാന്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ ഏല്‍പിക്കണമെന്ന നിബന്ധനയും. ഞങ്ങള്‍ക്ക്‌ എല്ലാറ്റിനും സമ്മതമായിരുന്നു. ഞങ്ങള്‍ മറുപക്ഷത്തോട്‌ പറഞ്ഞു, ആദ്യം സമസ്ത ഒന്നാവാം. സമസ്ത ഒന്നായാല്‍ പിന്നെ ആ ഉന്നതാധികാര കമ്മിറ്റിക്ക്‌ എന്തുവേണമെങ്കിലും ചെയ്യാമല്ലോ. എസ്‌. വൈ.എസോ എസ്‌.എസ്‌.എഫോ വിദ്യാഭ്യാസ ബോര്‍ഡോ എന്തു വേണമെങ്കിലും പിരിച്ചു വിടാം. നിലനിര്‍ത്താം. മര്‍കസ്‌ തിരിച്ചു പിടിക്കാം. വേണ്ടെന്നു വെക്കാം.. എന്തുമാവാമല്ലോ. അതായിരുന്നു ഞങ്ങള്‍ അബ്ദുല്ല സാഹിബ്‌ വഴി എഴുതി അറിയിച്ചത്‌. മറുപക്ഷത്തിന്‌ അതിന്‌ സമ്മതമല്ലായി രുന്നു. അവര്‍ അവരുടെ നിബന്ധനകളില്‍ കടുമ്പിടുത്തത്തോടെ ഉറച്ചു നിന്നു. അതോടെ ആ ശ്രമം പാളുകയായിരുന്നു.
ഇന്നും ഞങ്ങള്‍ ഐക്യത്തിന്‌ സന്നദ്ധമാണ്‌. ഈയൊരു വിഘടനം കൊണ്ട്‌ സുന്നത്ത്‌ ജമാത്തിന്‌ ഒരുപാട്‌ നഷ്ടങ്ങളുണ്ടായിട്ടുണ്ട്‌. സുന്നത്ത്‌ ജമാത്തിന്റെ എതിരാളികള്‍ക്ക്‌ മുഖ്യധാരയിലേക്ക്‌ കയറി വരാനും രംഗം കൈയടക്കാനും അവര്‍ക്കായി. ഇത്‌ നാം വിഘടിച്ചു നിന്നതു കൊണ്ടായിരുന്നു. അതിനാലാണ്‌ ഞങ്ങള്‍ ഒന്നാവണമെന്ന്‌ പറയുന്നത്‌. പുറമെ, സമുദായത്തിന്റെ നന്മക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. ഒരു ഭീരുത്വമെന്ന നിലക്കല്ല. നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ട്‌.
സംഘടനാപരമായ എന്ത്‌ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാണ്‌. എന്നാല്‍ ആശയപരമായ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ലക്ഷ്യവും മാര്‍ഗവും രണ്ടും നന്നാവണം. നല്ല ലക്ഷ്യത്തിലേക്ക്‌ ചീത്ത മാര്‍ഗത്തിലൂടെ എത്തിച്ചേരാനാവില്ല. നമ്മുടെ സംഘടനാ ലക്ഷ്യവും സ്ഥാപന ലക്ഷ്യവും അഹ്ലുസ്സുന്നത്തി വല്ജമാത്തിന്റെ ആശയാദര്‍ശങ്ങള്‍ നിലനിര്‍ത്താനാണ്‌. സംഘടനാപ്രവര്‍ത്തനവും അതേ വഴിയിലൂടെയാവണം. നമ്മുടെ ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിചച്ച സംഘടനാപ്രവര്‍ത്തനം പാടില്ല.
രാഷ്ട്രീയത്തെയും അതില്‍ മതസംഘടനകളുടെ ഇടപെടലിനെയും കുറിച്ചാണ്‌ ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. രാഷ്ട്രീയമാണ്‌ നമ്മുടെ നേട്ടങ്ങളുണ്ടാക്കിത്തരുന്നതെന്ന ധാരണ ശരിയല്ല. നാം ഒറ്റക്കെട്ടായി നിന്നാല്‍ എല്ലാവരും നമ്മുടെ കൂടെ വരും. രാഷ്ട്രീയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒരാളെയും ചീത്ത പറഞ്ഞിട്ടില്ല. ഭൌതിക കാര്യങ്ങള്‍ക്ക്‌ അല്ലാഹു ഓരോ സബബുകള്‍, കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. അത്‌ കിട്ടണമെങ്കില്‍ നിലവിലുള്ള ഭരണ വ്യവസ്ഥയെയും ഭരണകൂടത്തെയും ആശ്രയിക്കണമെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇവിടെ ഭരിച്ച യു.ഡി.എഫ്‌. ഗവണ്‍മെന്റ്‌ ഞങ്ങളെ അവഗണിച്ചതുകൊണ്ട്‌ ജനങ്ങളുടെ അനുകമ്പ എല്‍.ഡി.എഫിനോടായി മാറി.
ലീഗിനോട്‌ ഞങ്ങള്‍ക്ക്‌ ഒരെതിര്‍പ്പുമില്ല. ലീഗുകാരനോടാണ്‌ എതിര്‍പ്പുള്ളത്‌, അവന്റെ പ്രവര്‍ത്തനങ്ങളോട്‌. ലീഗും ലീഗുകാരനും രണ്ടും രണ്ടാണ്‌. ലീഗുകാരന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്‌ ലീഗിന്‌ ക്ഷയം വന്നത്‌. ലീഗ്‌ കൈകാര്യം ചെയ്യുന്ന ആളുകള്‍ എന്നാണോ ലീഗിനെ ദുരുപയോഗം ചെയ്യാതിരിക്കുകയും സുന്നി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത്‌ അന്ന്‌ ജനങ്ങള്‍ സ്വയം ലീഗിലേക്ക്‌ കടന്നു വരും.
പിന്നെ പറയാനുള്ളത്‌, ഒരു മുസ്ലിം സുഹൃത്ത്‌ ഏതെങ്കിലും സാഹചര്യത്തില്‍ ലീഗിന്‌ അനുകൂലമായി രംഗത്തു വന്നില്ലെന്നുവെച്ച്‌ അദ്ദേഹത്തെ സംഘടനയിലേക്ക്‌ അടുപ്പിക്കാനാണ്‌ ശ്രമിക്കേണ്ടത്‌. എന്നാല്‍, മുഴുവന്‍ ആളുകളെയും അകറ്റി നിര്‍ത്തുന്ന ഒരു നിലപാടാണ്‌ ലീഗുകാരില്‍ നിന്നുമുണ്ടായത്‌. അതുകൊണ്ടാണ്‌ ജനങ്ങള്‍ ലീഗില്‍ നിന്ന്‌ അകലാന്‍ കാരണം. പുറമെ, ന്യൂനപക്ഷ സംരക്ഷണത്തിന്‌ വ്യക്തമായി ശ്രമിക്കുന്നതിന്‌ പകരം മൌനം ദീക്ഷിച്ച ഘട്ടങ്ങളും ഇന്നലെകളില്‍ നമുക്ക്‌ കാണാം. അതും ലീഗില്‍ നിന്ന്‌ ജനങ്ങള്‍ അകലാന്‍ കാരണമായി. ഇവയെല്ലാം പരിഹരിച്ച്‌ അതുവഴി ലീഗിനെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌. മറിച്ച്‌, എല്ലാവരും ഞങ്ങളുടെ കൂടെ തിരിച്ചുവരുമെന്ന്‌ അഹന്ത പുലര്‍ത്താതിരിക്കണം. ഇത്തരം ശ്രമങ്ങളെ ഞങ്ങളെപ്പോഴും സ്വാഗതം ചെയ്യുന്നു.

2008